തെരഞ്ഞടുപ്പ്:കേരളത്തിലേക്ക് വരുന്നവർക്കുള്ള നിയന്ത്രണം നീക്കണം; മുഖ്യമന്ത്രിക്ക് നിവേദനം




തെരഞ്ഞടുപ്പടുക്കുമ്പോൾ കേരളത്തിലേക്ക് വരുന്നവർക്കുള്ള നിർബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും വിവിധ മലയാളി സംഘടനകൾ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതേസമയം, നിയന്ത്രണങ്ങൾ നീക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈയിലും ബെംഗളൂരുവിലുമായി മാത്രം 20 ലക്ഷം മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങൾ തുടരവേ പലർക്കും ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ക്വാറിന്‍റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റർ ചെയ്ത് വരാമെങ്കിലും പലർക്കും സംശയങ്ങൾ ബാക്കിയാണ്.

സർക്കാർ വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. വോട്ട് ചെയ്യാനെത്തുന്നവർക്കായി കൊവിഡ് ജാഗ്രത പോർട്ടലില്‍ പ്രത്യേക ഓപ്ഷന്‍ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങൾ നീക്കുന്നത് സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് അധികൃതർ പ്രതികരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement