ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസ്, ചുവരെഴുത്തുകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ പാടുള്ളൂ എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പൊതു തെരഞ്ഞെടുപ്പിനു മുന്നോട്ടിയായി പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും അതോടൊപ്പം ചേര്‍ക്കണം. നിലവിലുള്ള നിയമങ്ങളും ഹരിതപെരുമാറ്റച്ചട്ടവും പാലിച്ച് മാത്രമേ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.
ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, മൊബൈല്‍ ടവറുകള്‍, ടെലഫോണ്‍ പോസ്റ്റുകള്‍ തുടങ്ങിയവയില്‍ തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിക്കാന്‍ പാടില്ല.
മറ്റ് രാഷ്ട്രീയകക്ഷികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ വികൃതമാക്കുകയും മലിനമാക്കുകയും മറയ്ക്കുകയും ചെയ്യുന്ന രീതിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുത്.
വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരവും മതവികാരം ഉണര്‍ത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പാടില്ല. വാഹന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്നതോ മാര്‍ഗ്ഗ തടസത്തിന് കാരണമാകുന്ന രീതിയിലോ പരസ്യങ്ങള്‍ സ്ഥാപിക്കരുത്. റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്ക് കുറുകെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയില്‍ മറ്റു സ്ഥലങ്ങളിലും പരസ്യങ്ങള്‍ പാടില്ല. ഇത്തരം സ്ഥലങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ഹോര്‍ഡിംഗുകളോ പാടില്ലെന്നും നിര്‍ദേശമുണ്ട്.
പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്ന വിധത്തില്‍ വാഹനങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Post a Comment