സിഐടിയു അടക്കമുള്ള പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ഫെഡറേഷനുകളും നവംബർ 26ന് രാജ്യവ്യാപകമായ പൊതുപണിമുടക്ക് നടത്താൻ ആഹ്വാനംചെയ്‌തിരിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ നിയമങ്ങൾക്കും ദേശദ്രോഹ നീക്കങ്ങൾക്കുമെതിരായാണ് പണിമുടക്ക്. ഇതോടൊപ്പം വിവിധ കർഷക‐കർഷകത്തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിവരുന്ന സമരത്തിന്റെ തുടർച്ചയായി നവംബർ 26, 27 തീയതികളിൽ ദില്ലി മാർച്ച് നടത്താനും പാർലമെന്റ് ഘരാവോ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാൻ കഴിയാത്തവർ അതത് സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത സ്വഭാവത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നതാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കും കാർഷികമേഖലയിൽ പാസാക്കിയ നിയമങ്ങൾക്കുമെതിരായാണ് സമരം. തൊഴിലാളിവർഗവും കർഷകജനവിഭാഗങ്ങളും നടത്തുന്ന രാജ്യവ്യാപകമായ യോജിച്ച സമരമാണ് നവംബർ 26, 27 തീയതികളിൽ നടക്കുന്നത്. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള തൊഴിലാളി പണിമുടക്കും കർഷക ജനവിഭാഗങ്ങളുടെ സമരങ്ങളും വരുംകാല രാഷ്‌ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കും. നരേന്ദ്ര മോഡിയുടെ സാമ്പത്തിക‐സാമൂഹ്യ‐രാഷ്‌ട്രീയ നയങ്ങൾക്കെതിരെ വളർന്നുവരുന്ന ജനകീയ രോഷത്തെയും പ്രതിഷേധത്തെയും ഉയർന്നതലത്തിലെത്തിക്കും.
തൊഴിലാളിവർഗത്തിന്റെ പൊതുപണിമുടക്കിനും കർഷക ജനവിഭാഗങ്ങളുടെ സമരങ്ങൾക്കും കേന്ദ്ര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഈ സമരങ്ങൾ വിജയിപ്പിക്കാൻ പ്രചാരണപ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും പാർടി അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
Post a Comment