ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളിൽ 5 മണിക്ക് വോട്ടിംഗ് അവസാനിക്കും. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് മത്സരിക്കുക. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അർധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിറ്റൈസ് ചെയ്യും. ആദ്യഘട്ട വോട്ടെടുപ്പിൽ നിതീഷ് കുമാർ മന്ത്രിസഭയിലെ അര ഡസനോളം മന്ത്രിമാരായ കൃഷ്ണന്ദൻ വർമ്മ, പ്രേം കുമാർ, ജയ് കുമാർ സിംഗ്, സന്തോഷ് കുമാർ നിരാല, വിജയ് സിൻഹ, രാം നാരായൺ മണ്ഡൽ എന്നിവരുടെ വിധി തീരുമാനിക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആകെ 1,066 സ്ഥാനാർത്ഥികളിൽ 114 പേർ വനിതകളാണ്. ചയ്ൻപുർ ആണ് ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഹിസ്വ മണ്ഡലത്തിലാണ്. ബാർബിഘയാണ് ആദ്യ ഘട്ടത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലം.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തിൽ ആർജെഡി 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറിൽ എൻഡിഎ വിട്ട എൽജെപിയുടെ 41 സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു. ജെഡിയു മത്സരികുന്ന 35 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ള എൽ.ജെ.പി ബി.ജെ.പി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.
Post a Comment