പറശിനിക്കടവ് ബോട്ട് ടെർമിനൽ നാടിനായി സമർപ്പിച്ചു




മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിച്ചു. മലബാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനി മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൗസ് ബോട്ടുകള്‍ക്കും മോട്ടോര്‍ ബോട്ടുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളോട് ഒരുക്കിയതാണ് കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍. രണ്ടു പദ്ധതികള്‍ക്കുമായി ആകെ 7.88 കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് ചെലവഴിച്ചത്.

വടക്കന്‍ മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചതാണ് മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഴയങ്ങാടി, പറശ്ശിനിക്കടവ് ബോട്ട് ടെർമിനലുകള്‍ കൂടാതെ  ധർമ്മടം, ചേരിക്കൽ, പാറപ്പുറം, കരിയാട്, ന്യൂമാഹി, മുക്കുവചേരി ബോട്ട് ടെര്‍മിനലുകളും, മമ്പറം, പെരിങ്ങത്തൂർ, മോന്താൽ, പാത്തിക്കൽ, പുന്നകടവ് ബോട്ട് ജെട്ടികളും, കക്കടവ് ബോട്ടുജെട്ടി കം വാക് വേ, കാസർഗോഡ് ജില്ലയിലെ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ, മാവിലാകടപ്പുറം, മടക്കാൽ ബോട്ടുജെട്ടികള്‍ എന്നിവയും നിർമ്മിക്കുന്നുണ്ട്.

325 കോടി രൂപയുടെ മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ 80 കോടി രൂപ മാത്രമാണ് നൽകാമെന്ന് അറിയിച്ചിട്ടുള്ളത്. ഇതില്‍ തന്നെ 24 കോടി രൂപയാണ് ആകെ അനുവദിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ CRZ അനുമതി വൈകുന്നതിനാൽ അനുവദിച്ച 24 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. അനുമതി കിട്ടുന്ന മുറയ്ക്ക് ആ പ്രവർത്തനങ്ങളും ആരംഭിക്കും. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകള്‍ പൂര്‍ണമായും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ്‌ പൂര്‍ത്തീകരിച്ചത്.

-

Post a Comment

Previous Post Next Post

Join Whatsapp

Advertisement