കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ഥം സ്ഥാപിക്കുന്ന ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നിര്‍മ്മാണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെ.പി.പി. നമ്പ്യാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന് സമീപമാണ് 404 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കേന്ദ്രം ഒരുങ്ങുന്നത്. ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിനൊപ്പം ഇലക്ട്രോണിക്‌സ് ടെക്‌നോളജി മ്യൂസിയവും, കെ.പി.പി.നമ്പ്യാരുടെ വെങ്കല പ്രതിമയും നിര്‍മ്മിക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഫ്‌ളോറിംഗ് പ്രവൃത്തികളുമാണ് ബാക്കിയുള്ളത്. കെട്ടിടത്തിന്റെ മുന്‍വശം ഇന്റര്‍ലോക്ക് ചെയ്യും. ഗാര്‍ഡന്‍ സജ്ജമാക്കി മനോഹരമാക്കും. പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
പ്രമുഖ ടെക്‌നോക്രാറ്റായ കെ.പി.പി.നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് കേരളത്തിന് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയിലും ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ ചെയര്‍മാന്‍ എന്നീ നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ എന്ന ബ്രാന്‍ഡിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കണ്ണൂര്‍ കെല്‍ട്രോണ്‍ കോമ്പൗണ്ടില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.
ഇലക്ട്രോണിക്‌സ് ലാബ്, കെമിക്കല്‍ ലാബ്, മെക്കാനിക്കല്‍/ മെറ്റീരിയല്‍ ലാബ്, ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഗവേഷണ വികസന കേന്ദ്രത്തിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്. രണ്ട് കോടി രൂപയാണ് പദ്ധതി ചെലവ്. 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇതിനോടകം വാങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Post a Comment