ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ആർ.ഡി.ഒ മടക്കി. തപാൽ വഴി വളപട്ടണം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അയച്ച റിപ്പോർട്ടാണ് അസിസ്റ്റന്റ് കളക്ടർ നിരാകരിച്ചത്.
ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ആർ.ഡി.ഒയ്ക്ക് സമർപ്പിക്കേണ്ട റിപ്പോർട്ട് തപാൽ വഴി അയച്ചതിനെ തുടർന്നാണ് റിപ്പോർട്ട് മടക്കിയത്. വളപട്ടണം എസ്.എച്ച്.ഒ നേരിട്ടത്തി റിപ്പോർട്ട് തിരികെ വാങ്ങിയിട്ടുണ്ട്. ഇത് നിയമപരമായ രീതിയിൽ തന്നെ വീണ്ടും ആർ.ഡി.ഒയ്ക്ക് സമർപ്പിക്കുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു
സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും ആത്മഹത്യക്ക് കാരണമായതായി പ്രതിപാദിക്കുന്ന റിപ്പോർട്ട് ഇന്നലെയാണ് പൊലീസ് ആർ.ഡി.ഒയ്ക്ക് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന സംഭവത്തിൽ നഗര സഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയർ പേഴ്സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2019 ജൂൺ 18 നാണ് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. 15 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
Post a Comment