എയ്‌റോസ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയുള്ള ക്ലീന്‍ റൂമും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിര്‍മ്മിക്കാനുള്ള സൗകര്യവും തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സല്‍ സജ്ജമായി. ഉല്‍പ്പാദനയൂണിറ്റുകളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ നാളെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉപഗ്രഹങ്ങളുടെ വിവിധ ഇലക്ട്രോണിക് മോഡ്യൂളുകളുടെ ഫാബ്രിക്കേഷനും ഗുണപരിശോധനയും നടത്താനുള്ള സംവിധാനമാണ് ക്ലീന്‍ റൂം. ആധുനിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസ്സ് 1,00000 കാറ്റഗറിയിലുള്ള ക്ലീന്‍ റൂം തയ്യാറാക്കിയത്. ക്ലീന്‍ റൂമില്‍ പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക പരിശീലനം ഐഎസ്ആര്‍ഒയുടെ ബംഗളൂരു യൂണിറ്റില്‍ നിന്ന് ജീവനക്കാര്‍ക്ക് നല്‍കി. ഐ എസ് ആര്‍ ഒയുടെ കീഴിലുള്ള യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്ന് ഫാബ്രിക്കേഷനും ഗുണപരിശോധനയ്ക്കുമായി 13 കോടി രൂപയുടെ ഓര്‍ഡര്‍ നിലവില്‍ കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്.
ട്രാഫിക് ക്രമീകരണങ്ങള്‍ക്കും സുരക്ഷയ്ക്കുമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നത്. ട്രാഫിക്ക് നിയമലംഘനങ്ങള്‍ ഓട്ടോമാറ്റിക്കായി കണ്ടെത്തുന്ന അതിനൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ക്യാമറ ബേസ്ഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ക്യാമറ എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം , ഗ്ലോബല്‍ ഷട്ടര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക്ക് നമ്പര്‍പ്ലേറ്റ് റക്കഗ്നിഷന്‍ ക്യാമറ എന്നിവയുടെ നിര്‍മ്മാണമാണ് നടത്തുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പറും വാഹനത്തിന്റെ ചിത്രവും രാത്രിയും പകലും കൃത്യമായി രേഖപ്പെടുത്താന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ക്യാമറകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ പദ്ധതികള്‍ നടപ്പാക്കിയത്.
Post a Comment