കണ്ണൂർ വിമാനത്താവളം വഴി ഇനി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാം



മട്ടന്നൂർ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിക്കാൻ സംവിധാനമായി. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എ.പി.എച്ച്.ഒ.) കേന്ദ്രം കണ്ണൂരിൽ തുടങ്ങിയിട്ടില്ലാത്തതിനാൽ കൊച്ചി വിമാനത്താവളത്തിലെ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ കേന്ദ്രവും ജില്ലാ മെഡിക്കൽ ഓഫീസും സഹകരിച്ചാണ് ഇതിന് സംവിധാനമൊരുക്കുന്നത്‌.
രേഖകൾ പരിശോധിച്ച് മൃതദേഹം കൊണ്ടുവരുന്നതിനുള്ള സാങ്കേതികാനുമതി കൊച്ചി എ.പി.എച്ച്.ഒ. നൽകും. മൃതദേഹം കണ്ണൂരിലെത്തിയാൽ ആരോഗ്യവകുപ്പിന്റെ എയർപോർട്ട് ഹെൽത്ത് നോഡൽ ഓഫീസർ പരിശോധന നടത്തി ക്ലിയറൻസും നൽകും. കോവിഡ് സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
എയർപോർട്ട് ഹെൽത്ത് നോഡൽ ഓഫീസർക്കാണ് തത്‌കാലം ഇതിന്റെ ചുമതല. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൽനിന്ന് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് കാലത്ത് വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കണ്ണൂർ വിമാനത്താവളത്തിലും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിമാനത്താവള ഉദ്ഘാടന സമയത്തുതന്നെ എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. ഡിസംബർ 19-ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൽനിന്ന് എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അനുമതിയും ലഭിച്ചു.
ആവശ്യമായ ഉദ്യോഗസ്ഥരെ കൊച്ചി വിമാനത്താവളത്തിൽനിന്ന് പുനർവിന്യസിക്കാനായിരുന്നു നിർദേശം. എന്നാൽ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം ഇത് നടപ്പായില്ല. ഇക്കാര്യത്തിനായി കണ്ണൂർ വിമാനത്താവള അധികൃതർ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement