സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും അവയക്കച്ചവടത്തിന് ഏജന്റുമാർ. ക്രൈം ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തൽ. അഞ്ച് ലക്ഷം രൂപയാണ് ഏജന്റുമാർ കൈപ്പറ്റുന്നത്. അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നത് കോളനികൾ കേന്ദ്രീകരിച്ചാണ്. കൊടുങ്ങല്ലൂരിലെ രണ്ട് കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം നടന്നിരുന്നു.
പത്ത് ലക്ഷം രൂപയാണ് അവയവം സ്വീകരിക്കുന്ന വ്യക്തിയിൽ നിന്ന് ഏജന്റുമാർ ഈടാക്കുന്നത്. തുടർന്ന് അഞ്ച് ലക്ഷം വൃക്ക നൽകുന്ന വ്യക്തിക്കും. അഞ്ച് ലക്ഷം ഏജന്റുമാരും പങ്കിട്ടെടുക്കും. എന്നാൽ വൃക്ക നൽകുന്ന വ്യക്തിക്ക് പണം നൽകാതെയും തട്ടിപ്പ് നടക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ നടത്തിയത്. സർക്കാർ ആശുപത്രികളിലടക്കം ഇത്തരത്തിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.
കൊടുങ്ങല്ലൂരിൽ നടന്ന ചില സാമ്പത്തിക വിനിമയങ്ങളിലുണ്ടായ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് അവയവ മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തൃശൂർ എസ് പി സുദർശനായിരുന്നു അന്വേഷണ ചുമതല.
അതേസമം, അവയവദാതാവും സ്വീകരിക്കുന്നയാളും പ്രതിയാകുമെന്നതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
Post a Comment