കോവിഡ്-19 മഹാമാരിയുടെ ഫലമായി കടുത്ത പ്രതിസന്ധിയിൽ ആയ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താൻ നൂതന പദ്ധതികൾ ആവിഷ്കരിച്ചു. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലായി 26 ടൂറിസം പദ്ധതികൾക്കാണ് ഇന്നു തുടക്കം കുറിച്ചത്.
ടൂറിസം രംഗത്ത് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ വരുമാനം നേടാനായത് കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായ മേഖലയില്‍ 46,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം എത്തിച്ചേര്‍ന്നത്. 11.9 ലക്ഷം വിദേശ ടൂറിസ്റ്റുകളും, 1 കോടി 84 ലക്ഷം സ്വദേശി ടൂറിസ്റ്റുകളും കഴിഞ്ഞ വര്‍ഷം മാത്രം നമ്മുടെ കേരളത്തിലെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.52 ശതമാനത്തിന്റെയും, സ്വദേശി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 17.81 ശതമാനത്തിന്റെയും വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം നമ്മള്‍ കൈവരിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടാനും കഴിഞ്ഞ 4 വര്‍ഷത്തെ പ്രവര്ത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ സംസ്ഥാനത്തെ ടൂറിസം മേഖല പല വെല്ലുവിളികളെയും അതിജീവിച്ച് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ഈ കാലഘട്ടത്തിലാണ് കൊവിഡ് 19 മഹാമാരി കനത്ത ആഘാതമേൽപ്പിച്ചത്. പ്രത്യക്ഷമായും പരോക്ഷമായും 15ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗത്തെ തന്നെ ഇത് ബാധിച്ചു.
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സമഗ്ര ടൂറിസം വികസനത്തിന് പര്യാപ്തമായ പുതിയ 26 പദ്ധതികള്‍ക്കാണ് ഈ ഘട്ടത്തിൽ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്മുടിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. കൂട്ടികള്‍ക്കുള്ള കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും, കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതി. കൊല്ലം ബീച്ചിലും, താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിന്റെ സൗന്ദര്യവല്‍ക്കരണവും, പാലാ നഗരത്തില്‍ പാരീസിലെ 'ലവ്റെ' മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ടൂറിസം കോംപ്ലക്സും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍, പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത്‍ വേയും ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ടൂറിസം വികസന പദ്ധതി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടുതൽ മനോഹരമാക്കി. അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴിയില്‍ നടപ്പിലാക്കുന്ന പദ്ധതി ആ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ച് ഭംഗിയാക്കി സഞ്ചാരികളെ സ്വീകരിക്കുന്നതിന് സജ്ജമാക്കി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് മിറക്കിള്‍ ഗാര്‍ഡനടക്കം ഒരുക്കി ഭംഗിയാക്കി. ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്ക്വയര്‍ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു.
കണ്ണൂരിലെ കക്കാട് സ്ഥിതി ചെയ്യുന്ന പാലക്കാട് സ്വാമി മഠം പാര്‍ക്കിന്റെ വികസനത്തിനായുള്ള പദ്ധതി, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി, മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശനിക്കടവ് ബോട്ട് ടെര്‍മിനലും പഴയങ്ങാടി ബോട്ട് ടെര്‍മിനലും, വയനാട് ജില്ലയിലെ ചീങ്ങേരി മല-റോക്ക് അഡ് വെഞ്ച്വര്‍ ടൂറിസം പദ്ധതി, ബേക്കലിലെ കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയും തുടങ്ങിയ പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി.
ഈ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മറ്റ് നിരവധി പദ്ധതികള്‍ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലത് ഉടന്‍ തന്നെ പ്രവർത്തനത്തിനു സജ്ജമാകുന്നുണ്ട്. ഈ കൊവിഡ് കാലത്തെ നമ്മുടെ നാടും, രാജ്യവും, ലോകവും അതിജീവിക്കുമ്പോള്‍, സഞ്ചാരികളുടെ പറുദീസയായി കേരളം മാറുക തന്നെ ചെയ്യും. മോശമായ ഇപ്പോഴത്തെ സാഹചര്യം പുതിയ കുതിപ്പുകള്‍ക്കുള്ള സമയമായി മാറ്റുകയാണ് നമ്മൾ ചെയ്യുന്നത്.
- പിണറായി വിജയൻ
Post a Comment