ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി പഞ്ചായത്തെന്ന നേട്ടം കൈവരിച്ച് മയ്യില്‍ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്ത് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിക്കുന്ന കാലമാണിതെന്നും കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഗ്രന്ഥശാലകള്‍ക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാല ദിനത്തില്‍ നൂതനമായ പദ്ധതിക്കാണ് മയ്യില്‍ പഞ്ചായത്ത് തുടക്കംകുറിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകളുള്ള പഞ്ചായത്താണ് മയ്യില്‍. 33.08 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശത്ത് 34 ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. വായന പൂത്ത് തളിര്‍ത്ത ദിവസങ്ങളായിരുന്നു ലോക്ക് ഡൗണ്‍ കാലം. ഈ ദിവസങ്ങളില്‍ ഭൂരിഭാഗം പേരും അഭയം കണ്ടത് വായനയിലാണ്. വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ തയ്യാറായെങ്കിലും വൈറസ് ബാധ പേടിച്ച് പലരും പിന്‍വാങ്ങി. എന്നാല്‍ ഇ-ബുക്ക് വായന വര്‍ധിച്ചു. ഇത് പുതിയ മാറ്റത്തിനാണ് വഴിവെച്ചതെന്നും ഈ മാറ്റം ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രദേശത്തെ ലൈബ്രറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിലാക്കുന്നത്. ഗ്രാമീണ ഗ്രന്ഥശാലകളെ പരസ്പരം ബന്ധിപ്പിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. ഇതിലൂടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. വായിക്കാനാഗ്രഹിക്കുന്ന പുസ്തകം ഏതെല്ലാം ലൈബ്രറികളില്‍ ലഭ്യമാകുമെന്ന് ലോകത്തിന്റെ ഏത് കോണിലിരുന്നും വായനക്കാരന് ഓണ്‍ലൈനായി കണ്ടെത്താവുന്നതാണ്. പഞ്ചായത്ത് ലൈബ്രറികളിലെ 2,09,404 പുസ്‌കങ്ങളുടെ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ അറിയാനാകും. പുസ്തകത്തിന്റെ പേര്, ഗ്രന്ഥകാരന്‍, പ്രസാധകന്‍ തുടങ്ങി വിവിധ ഓപ്ഷനുകളിലൂടെ പുസ്തകം തെരയാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാനുസൃതമായി മാറാനും എല്ലാതരം അറിവുകളും വിനിമയം ചെയ്യാനുമുള്ള ഇടമാക്കി ഗ്രന്ഥാലയങ്ങളെ മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വായനക്കാരുടെ പൊതുവേദി എന്നതിനൊപ്പം വായനാനുഭവങ്ങളുടെ പങ്കുവെക്കല്‍ കൂടി ഈ കൂട്ടായ്മയിലൂടെ സാധ്യമാകും. ജിപിഎസ് സംവിധാനത്തോടെയുള്ള റൂട്ട് മാപ്പ്, വിദ്യാഭ്യാസ സേവനങ്ങള്‍, പുസ്‌കാസ്വാദനം, പുസ്തക പരിചയം, സര്‍ക്കാര്‍- തദ്ദേശഭരണ സേവന വിവരങ്ങള്‍, ദുരന്ത നിവാരണം, പ്രാദേശിക ചരിത്ര ആര്‍ക്കേവ്‌സ് തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭിക്കും. നേരത്തെ ജയിംസ് മാത്യു എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പദ്ധതിക്കായി അനുവദിച്ചിരുന്നു. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലിബ്കാറ്റ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ലൈബ്രറി ഡിജിറ്റൈസ്ഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. കോഴിക്കോട് യുഎല്‍സിസി സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വോ തിങ്ക് എന്ന സ്ഥാപനത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഉദ്യമത്തിന് പിന്നില്‍. ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ വി കുഞ്ഞിക്കൃഷ്ണന്‍, സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി കെ വിജയന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment