#KTJaleel
നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കെ ടി ജലീൽ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. പൊലീസ് ക്ലിയറൻസിനായി കാത്ത് നിൽക്കുകയാണ്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബൽറാം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.
Post a Comment