ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം തടഞ്ഞ് സൗദി അറേബ്യ. വന്ദേഭാരത് ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടാകില്ല. സൌദിയിൽ നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്നവർക്കും അവധിക്ക് നാട്ടിലെത്തിയശേഷം മടങ്ങിവരാനിരുന്ന പ്രവാസിമലയാളികളടക്കമുള്ളവർക്കും തിരിച്ചടിയാണ് തീരുമാനം. ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലേക്കും യാത്രവിലക്ക് ഏർപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു.
മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. മെയ് ആദ്യവാരം തുടങ്ങിയ വന്ദേഭാരത് വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കരാർ പ്രകാരം വിമാനസർവീസ് ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാവിലക്ക്.
Post a Comment