ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി.



കൊച്ചി; സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
സ്‌കൂള്‍ ഫീസ് പൂര്‍ണമായി നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയെന്നാണ് ഹര്‍ജിയില്‍ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ഹര്‍ജി 23 ന് വീണ്ടും പരി?ഗണിക്കും. ഫീസ് ഏത് സമയത്തിനുള്ളില്‍ അടയ്ക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് അപ്പോള്‍ അറിയിക്കണമെന്നും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. കൂടാതെ സിബിഎസ്ഇയുടേയും സ്‌കൂളിന്റേയും വിശദീകരണവും തേടിയിട്ടുണ്ട്.
സ്‌കൂളില്‍ 530 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സ്‌കൂള്‍ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശിച്ചത്. സ്‌പെറ്റംബര്‍ 14 ന് മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസും നല്‍കി. 13ന് 270 വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകളുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement