ഇരിട്ടി: സമ്പർക്കം മൂലം കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചിട്ട ഇരിട്ടി നഗരം ഉൾപ്പെടുന്ന നഗരസഭയിലെ ഒമ്പതാം വാർഡിനെ ജില്ലാ ഭരണകൂടം മൈക്രോകണ്ടയിൻമെൻ്റ് സോണാക്കിയതിനാൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ചൊവ്വാഴ്ച്ച തുറക്കാം. രോഗബാധിതരുടെ വീടിൻ്റെ 100 മീറ്റർ ചുറ്റളവിൽ അടച്ചിട്ടാൽ മതിയെന്ന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നഗരം തുറക്കുന്നതിന് വഴിതെളിഞ്ഞത്. ദൂരപരിധിക്കപ്പുറമുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിന് തടസമില്ലെന്ന് ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ അറിയിച്ചു. നഗരത്തെ മൈക്രോ കണ്ടയിൻമെൻ്റാക്കി നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരം തുടങ്ങിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എം.എൽ.എക്കും ജില്ലാ കലക്ടർക്കും എസ്.പിക്കും നിവേദനവും നൽകിയിരുന്നു. ദേശീയ ലോക്ക് ഡൗണിന് ശേഷം നാലാം തവണയാണ് ഇരിട്ടി നഗരം അടച്ചിട്ടുന്നത്. വ്യാപാരികളുടെ ആവശ്യം പരിഗണിക്കണമെന്ന് സണ്ണി ജോസഫ് എം എൽ എയും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Post a Comment