വ്യവസായ സംരംഭങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിനു മുന്നിലെ റോഡിന് ആവശ്യമായ വീതിയുടെ കാര്യത്തില്‍ ഇളവ് വരുത്തി നിയമം ഭേദഗതി ചെയ്തു. 4000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 10 മീറ്റര്‍ വേണമെന്നായിരുന്നു വ്യവസ്ഥ. ഇത് 6000 ചതുരശ്ര മീറ്റര്‍ വരെ 5 മീറ്ററും 6000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഉള്ള കെട്ടിടങ്ങള്‍ക്ക് 6 മീറ്ററുമായി ഭേദഗതി ചെയ്തു.
18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമുള്ള റോഡ് വീതി 8 മീറ്റര്‍ ആയി കുറച്ചു. നിലവില്‍ 10 മീറ്ററായിരുന്നു.
സര്‍ക്കാരിന്റെ വ്യവസായ പ്രോത്സാഹന നയത്തിന് ഭാഗമായാണ് ഈ നടപടി. കേരളത്തില്‍ എട്ട് മീറ്ററില്‍ കൂടുതലുള്ള റോഡുകള്‍ വളരെ കുറവാണ്. പല റോഡിലും വലിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ നിലവിലെ വ്യവസ്ഥകള്‍ തടസ്സമായി. ഇത് വ്യവസായ വളര്‍ച്ചയെ വലിയതോതില്‍ ബാധിച്ചു. റോഡ് വീതിയില്‍ ഇളവ് വന്നതോടെ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വഴിയൊരുങ്ങും.
1000 കോഴികള്‍, 20 പശുക്കള്‍, 50 ആടുകള്‍ തുടങ്ങിയവയെ വളര്‍ത്താന്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനി മുതല്‍ പെര്‍മിറ്റ് ആവശ്യമില്ല എന്ന നിയമഭേദഗതിയും തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കി. ഈ മേഖലയിലെ സംരംഭകരുടെ ഒരു പ്രധാന ആവശ്യമായിരുന്നു ഇത്. സുഭിക്ഷകേരളം പദ്ധതിയെ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായിക്കും.
Post a Comment