ജില്ലയിൽ മഴക്കെടുതി രൂക്ഷം: 23 വീടുകൾക്ക് ഭാഗികനാശം 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു


കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെ നാശം വിതച്ചത്. തലശ്ശേരി താലൂക്കില്‍ എട്ടും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ രണ്ടും ഇരിട്ടിയില്‍ ഒമ്പതും ഉള്‍പ്പെടെ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 23 കുടുംബങ്ങളില്‍ നിന്നായി 137 പേരെ മാറ്റി പാര്‍പ്പിച്ചു. ഇതില്‍ ആറ് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേരാണുള്ളത്. 21 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും രണ്ട് മുതിര്‍ന്ന പൗരന്മാരും ഇതിലുള്‍പ്പെടും. 23 പുരുഷന്മാരും 22 സ്ത്രീകളും 13 മുതിര്‍ന്ന പൗരന്മാരും 20 കുട്ടികളും ഉള്‍പ്പെടെ 78 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. തലശേരി താലൂക്കില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എരഞ്ഞോളി, കോടിയേരി, തിരുവങ്ങാട്, പെരിങ്ങത്തൂര്‍, പിണറായി, പുത്തൂര്‍, പടുവിലായി വില്ലേജുകളിലെ വീടുകളാണ് തകര്‍ന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍ നിന്നായി 24 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവങ്ങാട്, പിണറായി, പാതിരിയാട് വില്ലേജുകളിലെ ഓരോ കുടുംബത്തെയും തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ മൂന്ന് കുടുംബങ്ങളെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. പാതിരിയാട് വില്ലേജിലെ ഒരു കിണറും തകര്‍ന്നു. തലശ്ശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയില്‍ മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. തിരുവങ്ങാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ സ്ഥലം പരിശോധിച്ചു. വീടുകളില്ലാത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. അതിനാല്‍ ആളപായം ഒഴിവായി. തളിപ്പറമ്പ് താലൂക്കില്‍ മരം വീണാണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. പട്ടുവം, തിമിരി, പരിയാരം, ചുഴലി വില്ലേജുകളിലെ വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് കുറുമാത്തൂര്‍ പഞ്ചായത്തിലെ നാല് കുടുംബങ്ങളെയും  ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പയ്യാവൂര്‍ വില്ലേജിലെ അഞ്ച് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കുപ്പം പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചപ്പാരപ്പടവ് ടൗണിലെ കടകളില്‍ വെള്ളം കയറി. പയ്യന്നൂര്‍ താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുളിങ്ങോം വില്ലേജിലെ രാജഗിരി, പൂക്കളം ഡേവിഡിന്റെ വീടാണ്  ഭാഗികമായി തകര്‍ന്നത്. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് അറ്റന്‍ഡന്റ് ബാലകൃഷ്ണന്റെ വീടിന് മുകളില്‍ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. താബോര്‍ – കുണിയന്‍ കല്ല് റോഡില്‍ കല്ല് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോറോം വില്ലേജില്‍ നോര്‍ത്ത് വായനശാലയ്ക്ക് സമീപത്തെ  കുഞ്ഞിരാമന്റെ വീടിനടുത്തുള്ള തൊഴുത്തിലേക്ക് മരം വീണും നാശനഷ്ടമുണ്ടായി. ഇരിട്ടി താലൂക്കില്‍ ഒമ്പത് വീടുകളാണ് കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നത്. കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശവും സംഭവിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement