കണ്ണൂർ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഹോം കെയര്‍ രീതിയിലുള്ള നിരീക്ഷണവും പരിചരണവും നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ നാരായണ നായക് അറിയിച്ചു. ജില്ലയില്‍ ഇതിനകം 1039 കോവിഡ് രോഗികള്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവരാണ്. ലക്ഷണമില്ലാത്ത രോഗികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവായാണ് കാണപ്പെടുന്നത്. അതുകൊണ്ട് രോഗലക്ഷണമില്ലാത്തവര്‍ കോവിഡ് പോസിറ്റീവ് ആയാലും കര്‍ശനമായ ഐസൊലേഷനില്‍ വീട്ടില്‍ തന്നെ കഴിയുന്നത് കുടുംബാംഗങ്ങള്‍ക്കോ അയല്‍വാസികള്‍ക്കോ രോഗം പകരാന്‍ ഇടയാക്കില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ള രോഗിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് ടെസ്റ്റിന് വിധേയമാക്കും. ഫലം നെഗറ്റീവാണെങ്കില്‍ ഒരാഴ്ച വിശ്രമത്തില്‍ തുടരണം. ഫലം പോസിറ്റീവാണെങ്കില്‍ 48 മണിക്കൂറിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യുന്നതാണ് . വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു. ആരോടും സമ്പര്‍ക്കമില്ലാത്ത ഐസൊലേഷന്‍ രീതി ആണ് വീട്ടിലും സ്വീകരിക്കേണ്ടത്. കൂടാതെ സമീകൃതാഹാരം കഴിക്കുക, ധാരാളം ശുദ്ധ ജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക തുടങ്ങിയ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിനുള്ള ജീവിത രീതികള്‍ പാലിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ അണുവിമുക്തമാക്കുക എന്നീ കാര്യങ്ങളും ശ്രദ്ധികക്കണം. രോഗലക്ഷണങ്ങളോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുകയും ഒരു ഡയറിയിലോ നോട്ട് ബുക്കിലോ കുറിച്ചു വെയ്ക്കുകയും ചെയ്യണം. പനി, ചുമ ,ക്ഷീണം, വിശപ്പില്ലായ്മ , ശ്വാസതടസ്സം , തൊണ്ടവേദന, പേശിവേദന, മണവും രുചിയും അറിയാനുള്ള സംവേദനശേഷി നഷ്ടപ്പെടുക, വയറിളക്കം, ഓക്കാനം, ഛര്‍ദി എന്നിവയാണ് കൊവിഡിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കണം. ആരോഗ്യവകുപ്പില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ കൃത്യമായി സ്വീകരിക്കുകയും ശരിയായ വിവരങ്ങള്‍ കൈമാറുകയും ചെയ്യേണ്ടതാണ്. സന്ദര്‍ശകരെ വീട്ടിലേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.
Post a Comment